Photo Credit : Times of India
മൂന്നുതവണ പിഴയ്ക്കുക, നാലാം ശ്രമത്തിൽ ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ ഒരാളെ കൊന്നുതള്ളുക. വളരെ കൃത്യമായി ആസൂത്രണത്തിനൊടുവിൽ നടത്തിയ കൊലപാതകം. പണം തന്നെ ഇവിടെ തുടക്കവും ഒടുക്കവുമാകുന്നു. കഥ തുടങ്ങുന്നതിങ്ങനെയാണ്. കൊല്ലം ജില്ലയിലെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ സരിതയും അനൂപും നിക്ഷേപകനായ പാപ്പച്ചനുമായി അടുപ്പം സ്ഥാപിക്കുന്നു. അങ്ങനെ മറ്റു ബാങ്കുകളിലെ നിക്ഷേപംകൂടി തങ്ങളുടെ സ്ഥാപനത്തിലേക്ക് മാറ്റാൻ പാപ്പച്ചനോട് സരിത അഭ്യർത്ഥിക്കുന്നു. അഭ്യർത്ഥന സ്വീകരിച്ച പാപ്പച്ചൻ 83 ലക്ഷം രൂപ സ്ഥാപനത്തിൽ നിക്ഷേപിക്കാൻ സരിതയെ ഏൽപ്പിച്ചു. പാപ്പച്ചൻ തനിച്ചാണ് താമസിക്കുന്നതെന്നും നിക്ഷേപ വിവരം മറ്റാർക്കും അറിയിലില്ലെന്നതും അറിയാവുന്ന സരിതയും അനൂപും ആ പണം തട്ടിയെടുക്കുന്നു.
Photo Cretit: The South First
ഏകദേശം 80 ലക്ഷം രൂപ നിക്ഷേപിച്ചിട്ടും അതിനുള്ള പലിശ ലഭിക്കാതായതോടെ പാപ്പച്ചൻ ബാങ്കിലെത്തി അന്വേഷിക്കുന്നു. തങ്ങളുടെ കള്ളിവെളിച്ചത്തായതോടെ നിലയില്ലാക്കയത്തിലായി സരിതയും കൂട്ടരും. തെറ്റായ വഴിയിലൂടെ കൈവന്ന പണം വിട്ടുകൊടുത്ത് വേണമെങ്കിൽ സുരക്ഷിതമാക്കാമായിരുന്നു തങ്ങൾക്ക് അവരുടെ ജീവിതം. പക്ഷേ പണത്തിനുമീതെ പരുന്തും പറക്കില്ല എന്നാണല്ലോ, ഗൂഢാലോചനയ്ക്കൊടുവിൽ പാപ്പച്ചനെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. കൊലക്കുറ്റം തങ്ങളിലേക്ക് ഒരിക്കലം എത്തില്ലെന്നൊരു അമിത ആത്മവിശ്വാസം അവർക്കുണ്ടായിരുന്നിരിക്കണം. സരിതയും അനൂപും കൃത്യം ക്വട്ടേഷൻ നേതാവ് അനിമോനെ ഏൽപ്പിക്കുന്നു. രണ്ട് ലക്ഷം രൂപയ്ക്കായിരുന്നു പാപ്പച്ചന്റെ ജീവനെടുക്കാനുള്ള കരാർ. പാപ്പച്ചന്റെ ആയുസ്സിന്റെ ബലംകൊണ്ടാവാം കൊലപാതക ശ്രമങ്ങൾ മൂന്നുതവണയും പാളുന്നു. സരിതയും അനൂപും വീണ്ടും ചർച്ചകളിലേക്ക്. വിളിച്ചുവരുത്തി സ്വാഭാവിക മരണമെന്ന രീതിയിൽ കൊലപ്പെടുത്താം എന്നതായിരുന്നു അടുത്ത പ്ലാൻ. സരിതയ്ക്കൊപ്പം ഒരു ചായ കുടിച്ചാലോ എന്ന് ചോദിച്ചാണ് അനൂപ് പാപ്പച്ചനെ വിളിച്ചുവരുത്തുന്നത്. കൊല്ലം ആശ്രാമം മൈതാനം പരിസരത്ത് തന്റെ സൈക്കിളിൽ വന്ന പാപ്പച്ചനെ അനൂപിന്റെ നിർദ്ദേശ പ്രകാരം അനിമോൻ കാറിടിച്ചുവീഴ്ത്തി, തുടർന്ന് ആ ശരീരത്തിനു മീതെക്കൂടി കാർ കയറ്റി പാഞ്ഞുപോയി. ഇതിനെല്ലാം സാക്ഷിയാക്കി ബൈക്കിൽ അനൂപുമുണ്ടായിരുന്നു. ക്വട്ടേഷൻ സംഘത്തിലെ മറ്റൊരു അംഗം മാഹിൻ സംശയത്തിന്റെ പഴുതുകൾ ബാക്കിയാവാതിരിക്കാൻ പാപ്പച്ചനെ ആശുപത്രിലെത്തിക്കാനും മറ്റും മുൻപന്തിയിൽ നിന്നു. പിന്നീട് വിദഗ്ധമായി അവിടെ നിന്ന് മുങ്ങി. ആശുപത്രിയിൽവെച്ച് പാപ്പച്ചൻ മരണപ്പെടുന്നു.തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കാണ് മരണകാരണം.
Photo Credit: Manoramaonline
ആദ്യം വാഹനാപകടമെന്ന് കരുതിയ സംഭവം പിന്നീട് യാഥാർത്ഥ്യത്തിലേക്ക് വഴിമാറുകയായിരുന്നു. പിതാവിന്റെ മരണശേഷം ബാങ്ക് നിക്ഷേപത്തെക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കാറപകടത്തെക്കുറിച്ച് ബന്ധുക്കളിൽ സംശയം ജനിച്ചത്. ബിഎസ്എൻഎൽ മുൻ ജനറൽ മാനേജരായിരുന്ന പാപ്പച്ചന് മാസം ഒരുലക്ഷത്തോളം രൂപ പെൻഷൻ ഇനത്തിൽ ലഭിച്ചിരുന്നു. ഷെയർ മാർക്കറ്റിൽ ഓഹരികളുമുണ്ടായിരുന്നു. അക്കൗണ്ടിൽ നിന്ന് ജനുവരിയിൽ ഒരു കോടിയിലേറെ രൂപയും മരിക്കുന്നതിന്റെ തലേ ദിവസം 14 ലക്ഷം രൂപയും പിൻവലിച്ചതായി ബന്ധുക്കൾ മനസ്സിലാക്കി. അതോടൊപ്പം തന്നെ പാപ്പച്ചൻ ബാങ്കിൽ നിന്ന് ലോണെടുത്തിരുന്നുവെന്ന വിവരം എല്ലാവരെയും അതിശയിപ്പിക്കുന്നതായിരുന്നു. ബാങ്കിൽ അന്വേഷിപ്പോൾ ലോണിന്റെ കാര്യം സരിതയും സമ്മതിക്കുകയാണുണ്ടായത്. സരിതയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. സരിതയുടെ തട്ടിപ്പിനെക്കുറിച്ച് മറ്റൊരു ബാങ്കിലെ ജീവനക്കാരിയോട് പാപ്പച്ചൻ പറഞ്ഞിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.പ്രതികളുടെയും പാപ്പച്ചൻ്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കേസിൽ നിർണായകമായി. പൊലീസ് അന്വേഷണത്തിൽ ആക്സിഡന്റല്ല, കൊലപാതകമെന്ന് തെളിയുകയായിരുന്നു. ബാങ്ക് മാനേജരായിരുന്ന സരിത, ബ്രാഞ്ച് എക്സിക്യൂട്ടീവ് കെ പി അനൂപ്, അനിമോൻ, ഹാഷിഫ്, മാഹിൻ എന്നിവർ പിടിയിലായി.