അഫ്താബിന്റെ അരുംകൊല 

Spread the love
Photo Credit: JFW

പ്രണയമാണ് അഫ്താബിനെയും ശ്രദ്ധയേയും ഒരുമിപ്പിച്ചത്. ഒരു ഡേറ്റിംഗ് ആപ്പിലൂടെ ആണ് ഇരുവരും പരിചയപ്പെടുന്നത്. ഇതര മതസ്ഥരായതിനാൽ ശ്രദ്ധയുടെ വീട്ടുകാർ ഈ ബന്ധം എതിർത്തു. തുടർന്ന് വീട്ടുകാരോട് കലഹിച്ച് ശ്രദ്ധ വീട് വിട്ടിറങ്ങി. പുത്തൻ ജീവിത സ്വപ്നങ്ങളുമായി അഫ്താബിനരികിലേക്ക് പ്രണയപൂർവം ശ്രദ്ധ എത്തി. ഡൽഹിയിൽ ഒരു ഫ്ലാറ്റിൽ അവർ ഒരുമിച്ച് ജീവിതം തുടങ്ങി. 

എന്നാൽ ആ പ്രണയം കലഹത്തിലേക്ക് മാറാൻ അധികം സമയം എടുത്തില്ല. വിവാഹം കഴിക്കാൻ ശ്രദ്ധ സമ്മർദം ചെലുത്തിയതോടെ അവർക്കിടയിൽ കലഹം പതിവായി. അത്തരം ഒരു കലഹത്തിനിടെ ശ്രദ്ധയെ അഫ്താബ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഒരിക്കൽ തന്റെ എല്ലാമായിരുന്ന പെൺകുട്ടിയുടെ ശരീരം അയാൾ ശ്രദ്ധയുടെ മരണശേഷം അറക്കവാളും വിവിധ കത്തികളും ചുറ്റികയും ഉപയോഗിച്ച്  വികൃതമാക്കി.  35 കഷ്ണങ്ങൾആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഡെഡ് ബോഡി സൂക്ഷിക്കാൻ ഒരു പുതിയ ഫ്രിഡ്ജ് തന്നെ അഫ്താബ് വാങ്ങിച്ചു. ശ്രദ്ധയുടെ മൃദദേഹം സൂക്ഷിച്ച ഫ്രിഡ്ജിൽ ആഹാരസാധനങ്ങളും അഫ്ത്താബ് സൂക്ഷിച്ചിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയ മുറിയിൽ തന്നെയാണ് അയാൾ ഉറങ്ങിയിരുന്നത്. 

Photo Credit: Daily Pioneer

കൊലക്ക് ശേഷം തെളിവുകൾ നശിപ്പിക്കാനുള്ള മാർഗങ്ങൾ ഗൂഗിളിൽ തിരഞ്ഞു. ദുർഗന്ധം വരാതിരിക്കാൻ മുറിയിലെല്ലാം അഫ്താബ്  ചന്ദനത്തിരി കത്തിച്ചു വെച്ചു.  ഓരോ ദിവസവും പുലർച്ചെ രണ്ട് മണിയാവുമ്പോൾ ഓരോ ബോഡി പാർട്ട്‌ എടുത്ത് മെഹറൗളി എന്ന വനമേഖലയിൽ കൊണ്ടു പോയി ഉപേക്ഷിച്ചു. 18 ദിവസമെടുത്താണ് അഫ്താബ് ബോഡി മുഴുവനായും ഡിസ്പോസ് ചെയ്തത്. 

കുറെ കാലമായി മകളുടെ വിവരം ഒന്നും അറിയാതിരുന്ന പിതാവ് വികാസ് വാക്കർ അവളെ തേടി ഡൽഹിയിൽ എത്തുന്നു. അഫ്താബിനോട് അന്വേഷിച്ചപ്പോൾ ശ്രദ്ധ കുറച്ചു നാളായി മിസ്സിംഗ്‌ ആണെന്ന് പറയുന്നു. തുടർന്ന് പിതാവ് കേസ് കൊടുക്കുന്നു. ശ്രദ്ധയുമായി നേരത്തെ വേർപിരിഞ്ഞെന്നും തനിച്ചായിരുന്നു താമസമെന്നുമാണ് അഫ്താബ് ആദ്യം പോലീസിനെ അറിയിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അന്വേഷണം വഴിതിരിച്ചു വിടാനാണ് അയാൾ ശ്രമിച്ചത്. തുടരന്വേക്ഷണത്തിൽ ദുരൂഹത മണത്ത പോലീസ് അന്വേഷണം ശക്തമാക്കി. ഫോൺ ലോക്കേഷൻ വിവരങ്ങളും ബാങ്ക് ഇടപാടുകളും പോലീസ് പരിശോധിച്ചു. ശ്രദ്ധയുടെ മിസ്സിംഗ്‌ ന് ശേഷവും മൊബൈലിലൂടെ ബാങ്ക് ഇടപാടുകൾ നടന്നതായി കണ്ടെത്തി. തുടർന്ന് കോടതി അനുമതിയോടെ അഫ്താബിനെ പോളിഗ്രാഫ് നാർക്കോ അനാലിസിസ് ടെസ്റ്റുകൾക്ക് വിധേയനാക്കി. സത്യം ഓരോന്നായി അഫ്താബിൽ നിന്ന് പുറത്തുവന്നു. കൊല നടന്ന് 6 മാസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. 

Photo Credit: Glenn Stovall

പ്രതിമാസം ഡൽഹി സർക്കാർ നൽകുന്ന സൗജന്യ കുടിവെള്ളത്തിന് പുറമെ കൂടുതൽ വെള്ളം ഉപയോഗിച്ചത് പോലീസിൽ സംശയം ഉളവാക്കിയിരുന്നു. കൂടുതൽ വെള്ളം ഉപയോഗിച്ചത് രക്തക്കറ കഴുകി കളയാനും കൊലപാതക സമയത്തെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ടാപ് തുറന്നിടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. കൂടാതെ അഫ്താബ് ദിവസവും രാവിലെ ടാങ്കിലെ വെള്ളത്തിന്റെ അളവ് പരിശോധിക്കുമെന്ന അയൽവാസിയുടെ മൊഴിയും പോലീസിന് ലഭിച്ചിരുന്നു. 

ശ്രദ്ധയുടെ ഫോൺ ഉപേക്ഷിക്കുകയും ക്രെഡിറ്റ്‌ കാർഡും മറ്റ് രേഖകളും നശിപ്പിക്കുകയും ചെയ്തു. കൊലപാതക ആവശ്യത്തിനായി 300 ലിറ്റർ ഫ്രിഡ്ജ്, വാളുകൾ, ചൈനീസ് നിർമ്മിത കത്തികളും അഫ്താബ് വാങ്ങിയിരുന്നു. അഫ്താബ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സുഹൃത്തുക്കൾക്ക് ശ്രദ്ധ മെസ്സേജ് അയച്ച മെസ്സേജും തെളിവായി. വനത്തിൽ നിന്ന് കിട്ടിയ അസ്ഥികൾ ഡിഎൻഎ പരിശോധനയിലൂടെ ശ്രദ്ധയുടേതാണെന്ന് കണ്ടെത്തി. മെഹ് റൗളി മൈദാൻ ഗാർഹിയിലെ തടാകത്തിലെ ചില ഭാഗങ്ങളിൽ വെള്ളം വറ്റിച്ചാണ് ശ്രദ്ധയുടെ തലയോട്ടിയും ചില അസ്ഥികളും കണ്ടെത്തിയത്.

ശ്രദ്ധയും അഫ്താബും തമ്മിൽ വഴക്കിടുന്നതിന്റെ ഓഡിയോ ക്ലിപ്പും പോലീസിന് ലഭിച്ചു. അഫ്താബിന്റെ ദൂർത്തിനെ ചൊല്ലിയും സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയും വഴക്ക് പതിവായിരുന്നു. അഫ്താബിന് ഒന്നിലധികം കാമുകിമാരുണ്ടെന്ന് മനസിലാക്കിയ ശ്രദ്ധ ഇത് ചോദ്യം ചെയ്തിരുന്നു. ഇതും ശ്രദ്ധയ്ക്ക് മറ്റൊരു സുഹൃത്തുമായുള്ള ബന്ധവും അഫ്താബിനെ ചൊടിപ്പിച്ചിരുന്നു. ഡേറ്റിംഗ് ആപ് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ ശ്രദ്ധ ഗുരുഗ്രാമിലേക്ക് പോയിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. മുംബൈയിലേക്ക് തിരിച്ചു പോവാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നെങ്കിലും അവസാന നിമിഷം അഫ്താബ് ടിക്കറ്റ് ക്യാൻസൽ ചെയ്തു. ഇതിന്റെ പേരിൽ നടന്ന വലിയ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

Photo Credit: Bhaskar

ശ്രദ്ധയെ കൊലപ്പെടുത്തിയ അഫ്താബ് അതേ സമയം ഡേറ്റിംഗ് ആപ് വഴി മറ്റൊരു യുവതിയുമായി പ്രണയത്തിലായിരുന്നു. താനും ശ്രദ്ധയും തമ്മിലുള്ള ബന്ധം വേർപിരിഞെന്നും ഫ്ലാറ്റ് ഷെയർ ചെയ്യാമെന്നും പറഞ്ഞാണ് യുവതിയുമായി അഫ്താബ് അടുപ്പമുണ്ടാക്കുന്നത്. ശ്രദ്ധയ്ക്ക് നൽകിയ പ്രണയമോതിരം തന്നെയാണ് ഈ യുവതിക്കും നൽകിയത്. ഇത് പോലീസ് കണ്ടെത്തിയിരുന്നു. ശ്രദ്ധയുമായി സംസാരിക്കണമെന്ന്  നിരവധി തവണ യുവതി ആവശ്യപെട്ടെങ്കിലും ശ്രദ്ധ തന്റെ കോൾ ബ്ലോക്ക്‌ ചെയ്തിരിക്കുക ആണെന്ന് പറഞ് അഫ്താബ് തന്ത്രപൂർവ്വം ഒഴിവായി. 

സുഹൃത്തുക്കൾക്ക് ശ്രദ്ധ അയച്ച മെസ്സേജുകളുടെ സ്ക്രീൻ ഷോട്ടുകളും അഫ്താബിന്റെ ഉപദ്രവത്തെ കുറിച്ച് പറയുന്ന വോയിസ്‌ മെസ്സേജുകളും കേസിന് ബലം കൂട്ടി. 

സാഹചര്യ തെളിവുകൾ, ശാസ്ത്രീയ തെളിവുകൾ,സാക്ഷി മൊഴികൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയാണ് പോലീസിന് ഈ കേസിൽ സഹായകമായത്.

മരണശേഷം ശ്രദ്ധയുടെ ഇൻസ്റ്റാഗ്രാം ഉപയോഗിച്ച് അവൾ ജീവിച്ചിരിപ്പുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചു. 

സീരിയൽ കില്ലറായ ഡെക്സ്റ്റർ മോർഗന്റെ കഥ പറയുന്ന  അമേരിക്കൻ വെബ് സീരിസ് ഡെക്സ്റ്ററിന്റെ ആരാധകൻ കൂടിയായിരുന്നു അഫ്താബ്.

കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയാണ് അഫ്താബിനെതിരെ ചുമത്തിയ കുറ്റങ്ങൾ. ഫോണിലെ കോൾ റെക്കോർഡുകളും സന്ദേശങ്ങളും മുൻപേ അഫ്താബ് നശിപ്പിച്ചിരുന്നു. ഇരുവരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അയൽക്കാരുടെയും സഹപ്രവർത്തകരുടെയും ഉൾപ്പെടെ 180 പേരുടെ സാക്ഷിമൊഴികളാണ് കുറ്റപത്രത്തിൽ ഉള്ളത്. 6629 പേജുള്ള കുറ്റപത്രം വലിയ ഇരുമ്പ് പെട്ടിയിൽ നിറച്ചാണ് കോടതിയിൽ സമർപ്പിച്ചത്. 

മനുഷ്യന്റെ ശരീരഘടനയെ കുറിച്ച് താൻ വായിച്ചിട്ടുണ്ടെന്നും അതിനാൽ ശരീരം കഷ്ണങ്ങളാക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നും പ്രതി പോലീസിന് മൊഴി നൽകി.

ശ്രദ്ധയുടെ കൊലപാതകത്തിൽ തനിക്ക് പശ്ചാത്താപം ഇല്ലെന്നും തൂക്കിലേറ്റുന്നത് സ്വീകാര്യമാണെന്നും അയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കടുത്ത ദേഷ്യത്തിലാണ് താൻ കൊലപാതകം നടത്തിയതെന്നും അഫ്താബ് കോടതിയിൽ മൊഴി നൽകി. 

Leave a Reply

Your email address will not be published. Required fields are marked *

Translate »