Photo Credit: Medium
പേരിന്റെ അർത്ഥം കെടാവിളക്ക് എന്നായിരുന്നുവെങ്കിലും ഒരുപാട് ജീവിതങ്ങളിൽ അശാന്തിയുടെ കൂരിരുട്ട് പടർത്തി അമർദീപ് സദ്ദ എന്ന എട്ടുവയസുകാരൻ. കുഞ്ഞുങ്ങളെന്നാൽ നിഷ്കളങ്കതയുടെ പര്യായമെന്ന മൊഴികളെ പാടേ മാറ്റിമറിച്ച ബാലൻ. ബീഹാറിലെ ബഹുസരി ഗ്രാമത്തിൽ ബൽറാമിന്റെയും പാറുളിന്റെയും മൂത്തമകനായായിരുന്നു അമർദീപിന്റെ ജനനം. ഒരു ദരിദ്ര കുടുംബമായിരുന്നു അമറിന്റേത്. വർണ്ണങ്ങൾ അന്യമായിരുന്നു അവന്റെ ബാല്യത്തിന്.
അമറിന് എട്ടുവയസ് പ്രായമുള്ളപ്പോഴാണ് പാറുളിന്റെ സഹോദരി മീന ആറുമാസം പ്രായമുള്ള തന്റെ കുഞ്ഞിനെയും കൊണ്ട് അവിടേക്ക് എത്തുന്നത്. നഗരത്തിൽ തനിക്കൊരു ജോലി ശരിയായെന്നും അതിനാൽ കുഞ്ഞിനെ കുറച്ചു കാലം സംരക്ഷിക്കണമെന്നുമായിരുന്നു സഹോദരിയുടെ ആവശ്യം. ദാരിദ്ര്യത്തിന്റെ തീച്ചൂളയിലായിരുന്ന ആ കുടുംബത്തിന് അതൊരു അധിക ബാധ്യതയായി തോന്നി. എന്നാൽ സഹോദരി തന്റെ വരുമാനത്തിൽ നിന്നൊരു ഭാഗം അവർക്ക് വാഗ്ദാനം ചെയ്തതോടെ അമറിന്റെ കുടുംബം വഴങ്ങി. അങ്ങനെ പാൽമണം മാറാത്ത കുഞ്ഞിനെ സഹോദരിയെ ഏൽപ്പിച്ച് അവർ പാട്നയിലെ ജോലിസ്ഥലത്തേക്ക് പോയി.
Photo Credit: News18
ഒരു ദിവസം മീനയുടെ കുഞ്ഞിനെ അമറിനെ ഏൽപ്പിച്ച് പാറുൾ ചന്തയിലേക്ക് പുറപ്പെട്ടു. അമ്മ വീടിന്റെ പടി കടന്നുവെന്നറിഞ്ഞ അമർ വീട്ടിനകത്തേക്ക് കയറി. കുഞ്ഞ് തൊട്ടിയിൽ കിടന്നുറങ്ങുകയായിരുന്നു. അവൻ കുഞ്ഞിനെ ഉപദ്രവിക്കാൻ തുടങ്ങി. കുഞ്ഞ് ഉറക്കെ കരഞ്ഞു തുടങ്ങി, ഇത് കണ്ട് അമർ നിർത്താതെ ചിരിക്കാൻ തുടങ്ങി. അവന്റെ കൈകൾ കുഞ്ഞിന്റെ കഴുത്തിലേക്ക് നീണ്ടു. അവൻ ആ കുഞ്ഞിന്റെ കഴുത്തിൽ അമർത്തി. കുഞ്ഞിന്റെ ശബ്ദം നേർത്തു നേർത്തു വന്നു. നിമിഷങ്ങൾക്കുള്ളിൽ അവന്റെ ചലനമറ്റു. അപ്പോഴും അമർ ചിരിക്കുകയായിരുന്നു. അവൻ കുഞ്ഞിന്റെ ശരീരവും കൊണ്ട് വീടിന്റെ പിറകിലെ കൃഷിയിടത്തിലേക്ക് നടന്നു. കുഞ്ഞിനെ മണ്ണിൽ കിടത്തിയ അമർ ഒരു ഇഷ്ടികയെടുത്ത് കുഞ്ഞിന്റെ തലയിൽ ആഞ്ഞടിച്ചു. തുടർന്ന് ഒരു കുഴിയെടുത്ത് കുഞ്ഞിനെ അതിലിട്ട് മൂടിയ ശേഷം അവൻ തിരികെ വീട്ടിലെത്തി.
Photo Credit: Pinterest
പാറുൾ തിരികെ വന്നപ്പോൾ അമർദീപ് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞിന്റെ കിടക്ക ഒഴിഞ്ഞു കിടക്കുന്നത് കണ്ട് പാറുൾ ഓടിവന്ന് ഇടറുന്ന ശബ്ദത്തോടെ അമർദീപിനോട് കുഞ്ഞെവിടെയെന്ന് അന്വേഷിച്ചു. അവൻ മറുപടി പറയാതെ ചിരിച്ചുകൊണ്ടിരുന്നു. തുടർന്നു പറഞ്ഞു, അവൻ ആ കുഞ്ഞിനെ കൊന്നുകളഞ്ഞെന്ന്. അമ്മ ഞെട്ടിപ്പോയി. അവളെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് അമർ പറഞ്ഞപ്പോൾ ആ അമ്മക്ക് സമാധാനമായെങ്കിലും അവനവളെ കൊന്ന് കുഴിച്ചു മൂടിയത് കണ്ടപ്പോൾ അവർ തകർന്നു പോയി. ആ കുഞ്ഞ് മരിച്ചിട്ട് ഏറെനേരമായെന്ന് മനസിലായ അവർക്ക് കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ. സംഭവം അറിഞ്ഞ പിതാവ് അവനെ പൊതിരെ തല്ലിയെങ്കിലും വിവരം അവർ പോലീസിനെ അറിയിച്ചില്ല. കുറച്ചു മാസങ്ങൾക്ക് ശേഷം മീന മടങ്ങിയെത്തി. വിവരമറിഞ്ഞ മീന തകർന്നുപോയെങ്കിലും വേദനയോടെയാണെങ്കിലും സഹോദരിയെ ഓർത്ത് എല്ലാം മറക്കാൻ ശ്രമിച്ചു.
Photo Credit: Legal Bites
ഈ സംഭവം നടന്ന് അധികം താമസിയാതെ പാറുൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ സ്വന്തം അനിയത്തി എന്ന ചിന്തയൊന്നും അമറിനുണ്ടായില്ലെന്ന് തോന്നുന്നു. തങ്ങളുടെ ലോകത്തേക്ക് അനുവദമില്ലാതെ വന്ന ഒരാളായിരുന്നു അവന് ആ കുഞ്ഞും. ഒരു ദിവസം മാതാപിതാക്കൾ കിടന്നുറങ്ങുന്ന സമയം അമർ കുഞ്ഞിനരികിലേക്ക് വന്നു. പതിവ് പോലെ ശരീരത്തിന്റെ ചലനം നിൽക്കുന്നത് വരെ അവന്റെ കൈ ആ പിഞ്ചുകുഞ്ഞിന്റെ കഴുത്തിലമർന്നു. അവൾ മരിച്ചു കഴിഞ്ഞപ്പോൾ അവൻ മുറ്റത്തിരുന്ന് തന്റെ കളികൾ തുടർന്നു. ഉണർന്നെണീറ്റ അമ്മ തന്റെ കുഞ്ഞ് മരിച്ചതായി മനസിലാക്കുന്നു. അവർ അമറിനെ ചോദ്യം ചെയ്തപ്പോൾ അവൻ പറഞ്ഞു അവൻ അവളെ കൊന്നതാണെന്ന്. എന്തിനെന്നു ചോദിച്ചപ്പോൾ വെറുതെ എന്നായിരുന്നു അവന്റെ മറുപടി. സംഭവം അറിഞ്ഞ അയൽക്കാർ അവരോട് പോലീസിൽ അറിയിക്കാൻ നിർബന്ധിച്ചുവെങ്കിലും മകന്റെ ഭാവി നശിക്കുമെന്ന് പറഞ്ഞ് അവരതിന് മുതിർന്നില്ല.
മൂന്നാമത്തെ കൊലപാതകവും അവസാനത്തേതും സംഭവിക്കുന്നത് വീടിന് പുറത്താണ്. അയൽക്കാരിയായ ചും ചും ദേവിയുടെ മകളായിരുന്നു ഇര. വീട്ടിൽ ഒറ്റയ്ക്കായിരുന്ന എട്ടുവയസ്സുള്ള മകൾ ഖുശ്ബുവിനെ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ കിടത്തി ഉറക്കിയിട്ടാണ് അവർ ഇറങ്ങിയത്. തിരിച്ചു വന്നപ്പോൾ മകളെ കാണുന്നില്ല. പരിഭ്രാന്തയായ അവർ ഗ്രാമത്തിലെങ്ങും കുഞ്ഞിനെ തിരഞ്ഞു നടന്നു. അമർദീപിനെ ചോദ്യം ചെയ്തപ്പോൾ അവൻ അവളെ കൊന്നുവെന്ന് സമ്മതിച്ചു.
വളരെ അഭിമാനത്തോടെയാണ് താൻ അങ്ങനെ ചെയ്തിട്ടുണ്ട് എന്നവൻ സമ്മതിച്ചത്. കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ മൺകൂനയ്ക്കരികിലേക്ക് ഗ്രാമീണരെ കൊണ്ടുപോയതും അമർദീപ് തന്നെയായിരുന്നു.
ഇത്തവണ സംഭവം നാട്ടുകാർതന്നെ പോലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിൽ ഒരു ഭാവഭേദവുമില്ലാതെ തന്നെ താൻ നടത്തിയ കൊലകളെ കുറിച്ച് അവൻ അനായാസേന വിവരിച്ചു. തുടർന്ന് അമർദീപിനെ കൊലക്കുറ്റം ചുമത്തി ജുവനൈൽ കോടതിയിൽ വിചാരണ ചെയ്തു. കൊലപാതകം നടത്തുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിലേക്ക് അയച്ച് ഐസൊലേഷനിൽ പാർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ആളാണെങ്കിലും പതിവിൽ നിന്ന് വിപരീതമായി അമറിന്റെ യഥാർത്ഥ പേരും ഫോട്ടോകളും മനഃപൂർവം മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. അമർ മാനസിക വിഭ്രാന്തിയുള്ള അപകടകാരിയായ കൊലയാളിയാണെന്ന് മനഃശാസ്ത്രജ്ഞൻ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഇത്തരമൊരു മുൻകരുതൽ നടപടി സ്വീകരിച്ചത്.
Photo Credit : ABP Live-ABP News
മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ നിന്ന് ആനന്ദം കണ്ടെത്തുന്ന പെരുമാറ്റ വൈകല്യമുണ്ടെന്ന് അമറിനെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. കണ്ടക്റ്റ് ഡിസോഡർ എന്ന അപൂർവമായ ഒരു മാനസിക രോഗത്തിന് അടിമയായ അമർ ഇത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു എന്ന് പിന്നീട് ഒരു സൈക്കോ അനലിസ്റ്റ് കണ്ടെത്തി. അതേസമയം, കുട്ടിക്ക് ശരിയോ തെറ്റോ എന്ന ബോധമില്ലെന്ന് പട്‌ന സർവകലാശാലയിലെ മുൻ സൈക്കോളജി പ്രൊഫസർ പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം, 2016 ൽ അമറിന് 18 വയസ്സ് തികഞ്ഞപ്പോൾ, അദ്ദേഹത്തെ ഒരു പുതിയ ഐഡന്റിറ്റിയിൽ വിട്ടയച്ചു, ഇപ്പോൾ അവൻ എവിടെയാണെന്ന് ആർക്കും അറിയില്ല.