അസ്വാരസ്യങ്ങളുടെ കാമുകൻ

Spread the love

കൈക്കുടന്ന നിറയെ ചുവന്ന റോസാ പൂക്കളും ചോര ചാലിച്ച പ്രണയ ലേഖനങ്ങളുമായി ഹൃദയം പകുത്തു നൽകാൻ യുവതികൾ അയാൾക്കായി കോടതി പരിസരത്ത് കാത്തു നിന്നു. അയാളുടെ ഒരു നോട്ടമെങ്കിലും തങ്ങളിൽ പതിഞ്ഞാൽ ജീവിതം തന്നെ ധന്യമാവുമെന്ന് അവർ കരുതി. 1960-70 കാലഘട്ടത്തിൽ 18-25 നും ഇടയിലുള്ള പെൺകുട്ടികളെ ടാർഗറ്റ് ചെയ്ത് കൊലപ്പെടുത്തിയ ടെഡ് ബണ്ടി ഒരു സൈക്കോ കില്ലർ  എന്നതിന് അപ്പുറം സൗന്ദര്യംകൊണ്ടും ആകർഷണീയതകൊണ്ടും യുവഹൃദയങ്ങളിൽ ഇടം പിടിച്ചു!

1944-ൽ നവംബറിലായിരുന്നു റോബർട്ട്‌ ബണ്ടിയുടെ ജനനം. അച്ഛനില്ലാതെ വളർന്ന ബാല്യം. അതിന്റേതായ സ്വഭാവ വൈകൃതങ്ങളും അവന്റെ പെരുമാറ്റത്തിലുണ്ടായിരുന്നു. 

കലാലയ പഠനത്തിന് ശേഷം 1964-ൽ  യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണ്ണിൽ നിന്ന് സൈക്കോളജിയിൽ ബിരുദം, തുടർന്ന് ലോ കോളേജിൽ വക്കീൽ പഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. 

1974-ലെ ശീതകാലത്തിന്റെ ആലസ്യത്തിൽ നിന്ന് പ്രകൃതി പുനർജനിക്കുന്ന വസന്തകാലത്താണ് അയാളിലെ തിന്മകൾ മുളപൊട്ടി തുടങ്ങിയത്. വാഷിംഗ്ടണിലും ഒറിഗോണിലും ഉടനീളമുള്ള കോളേജുകളിലെ സ്ത്രീകൾ പെട്ടന്ന് അപ്രത്യക്ഷമാകാൻ തുടങ്ങി. പോലീസ് പരക്കം പാഞ്ഞെങ്കിലും അക്രമി കാണാമറയത്തു തന്റെ വേട്ടയാടൽ തുടർന്നു. പെൺകുട്ടികളായിരുന്നു അയാളുടെ ടാർഗറ്റ്. വളരെ വിദഗ്ധമായി പെൺകുട്ടികളോട് അടുപ്പം സ്ഥാപിച്ച് അവരെ തട്ടികൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുന്നതായിരുന്നു അയാളുടെ രീതി. ഒരു തെളിവോ തുമ്പോ അവസാനിപ്പിക്കാതെയായിരുന്നു അയാളുടെ ക്ലീൻ കട്ട്‌ മർഡർ. 

പൊതുസ്ഥലത്ത് വികലാംഗനായും പരിക്ക് പറ്റിയവായും അഭിനയിച്ച് അയാൾ സ്ത്രീകളുടെ ശ്രദ്ധ അയാളിലേക്ക് ക്ഷണിച്ചു. തന്നെ സഹായിക്കുന്നതിന് എത്തുന്നവരെ സംസാരിച്ച് മയക്കി വാഹനത്തിൽ കയറ്റികൊണ്ടുപോവും. സൗന്ദര്യവും ആകർഷമായ പെരുമാറ്റവും അയാൾക്ക്  ക്രൂരകൃത്യത്തിന്  മറ നൽകി. തട്ടിക്കൊണ്ടുപോയവരെ ക്രൂരമായി ബോധം മറയുന്നത് വരെ മർദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. കൂടാതെ ശവശരീരങ്ങളിൽ ലൈംഗിക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത് തെളിവുകൾ ഇല്ലാതാക്കാൻ മൃതദേഹങ്ങൾ വന്യമൃഗങ്ങളാൽ നശിപ്പിക്കപ്പെടുന്ന രീതിയിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 20 പേരെയാണ് വളരെ കുറഞ്ഞ കാലയളവിൽ ബണ്ടി വലയിൽ വീഴ്ത്തി കൊന്നൊടുക്കിയത്. 

തന്റെ ഇരുപത്തൊന്നാം ഇരയെ തേടി അലഞ്ഞ ബണ്ടി ചെന്നെത്തിയത് പോലീസിന്റെ വലയിലേക്ക്. ബണ്ടിയുടെ കാർ പരിശോധിച്ച പോലീസിന് നിർണായക തെളിവുകൾ ലഭിക്കുന്നു. ഫോക്സ്‌ വാഗന്‍ ബീറ്റിലില്‍ തങ്ങൾക്കു മുന്നിലൂടെ ചീറിപാഞ്ഞു പോയിരുന്ന അതിസുന്ദരനാണ്‌ കൊലപാതകിയെന്ന്‌ അറിഞ്ഞപ്പോ ഞെട്ടിയത് പ്രദേശത്തെ പോലീസ് സംഘവും കൂടിയാണ്. 

മാന്യനും നിഷ്കളങ്കനും സുമുഖനുമായി കാണപ്പെട്ട ടെഡ്‌ ബണ്ടിയുടെ ഉള്ളിലെ ചെകുത്താനെ തിരിച്ചറിയാന്‍ ഇരകള്‍ക്കു പലപ്പോഴും കഴിഞ്ഞില്ല. അയാളാണ് സ്വന്തം ജീവൻ കവരുന്നതെന്നതു പോലും മനസിലാക്കുന്നതിനുമുമ്പേ അയാളവരെ കീഴ്പ്പെടുത്തി. രാത്രി കൊലപാതകം നടത്തി പകല്‍സമയങ്ങളിൽ ജോലിക്കുപോയ ടെഡിനെ പെണ്‍കുട്ടികളുടെ തിരോധാനം അന്വേഷിച്ച ഉദ്യോഗസ്ഥരോ അയല്‍വാസികളോ സംശയിച്ചില്ല. 

കോളജ്‌ പഠന കാലത്ത്‌ തന്നെ വഞ്ചിച്ച് കടന്നുകളഞ്ഞ കാമുകിയോടുള്ള പ്രതികാരമാണ്‌ കൊന്നു തള്ളിയ ഓരോ പെണ്‍കുട്ടിയുമെന്ന് വിചാരണവേളയില്‍ ടെഡ്‌ ബണ്ടി വിളിച്ചുപറഞ്ഞു. ഇത് മുതിർന്നവർ ഭയപ്പാടോടെ ശ്രവിച്ചപ്പോൾ അന്നത്തെ കൗമാര മനസുകളിൽ അയാൾ ഒരു താരമായി കൂടുകൂട്ടുകയായിരുന്നു.

ടെഡ്ബണ്ടി എന്ന പ്രകാശഗോളത്തിലേക്ക്‌ പെണ്‍കുട്ടികള്‍ ഈയാം പാറ്റകളെ പോലെ പറന്നടുക്കുകയും എരിഞ്ഞടങ്ങുകയും ചെയ്തുവെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞത്‌. 1989 ല്‍ ഫ്ലോറിഡയില്‍ വൈദ്യുതി കസേരയില്‍ വധശിക്ഷയെന്ന വിധിയേറ്റു വാങ്ങിയ വാർത്ത കേട്ട് നൂറുക്കണക്കിനു യുവതികൾ ടെഡ്‌ ബണ്ടിക്കായി കണ്ണീര്‍വാര്‍ത്തു. 

നൂറോളം കൗമാരക്കാരാണ്‌ 2019 ല്‍ ടെഡ്‌ ബണ്ടിയായും അയാള്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടികളായും മറ്റും വേഷമിട്ട് അമേരിക്കയില്‍ ടിക് ടോക്കിലും മറ്റ് വിഡിയോ ഷെയറിങ് സൈറ്റുകളിലും രംഗപ്രവേശം ചെയ്തത്. ലക്ഷക്കണക്കിനു പേർ ഇത്തരം വിഡിയോകൾക്ക് ഇഷ്ടം രേഖപ്പെടുത്തിയെന്നതാണ് ടെഡ്‌ ബണ്ടി എന്ന കൊടുംകുറ്റവാളി യുവാക്കളില്‍ ഇന്നും ചെലുത്തുന്ന അപകടകരമായ സാന്നിധ്യത്തെ കുറിച്ച്‌ അധികൃതര്‍ തിരിച്ചറിവുണ്ടാക്കിയത്. കില്ലര്‍ പരിവേഷമുണ്ടായിട്ടും ഇരുപതാം നുറ്റാണ്ടില്‍ ‘മോഹവലയം സൃഷ്ടിച്ചവന്‍’ എന്നാണ്‌ ചില രാജ്യാന്തര മാധ്യമങ്ങള്‍ ബണ്ടിയെ വിശേഷിപ്പിച്ചത്‌. 

ടെഡ്‌ ബണ്ടിയുടെ കാമുകിമാര്‍ക്കു ബാധിച്ച ലൈംഗികാഭിനിവേശവും പ്രണയം കൂടിച്ചേര്‍ന്ന മനോരോഗത്തിനു യുഎസിലെ യുവജനങ്ങള്‍ അടിമപ്പെട്ടുവെന്നു വരെ ഇതേക്കുറിച്ച്‌ ചില രാജ്യാന്തര മാധ്യമങ്ങള്‍ എഴുതി. അക്രമി ആരാധനപാത്രമാകുന്നതിന്റെ നേർസാക്ഷ്യത്തിനാണ് ബണ്ടി എന്ന കൊടും കുറ്റവാളിയിലൂടെ ലോകം സാക്ഷിയായത്. 

Leave a Reply

Your email address will not be published. Required fields are marked *

Translate »