
Photo Credit: Maddy‘s Ramblings
1965- ഓഗസ്റ്റ് 29- ഇൻഡോ സിലോൺ എക്സ്പ്രസ്സ് മാനാ മധുര സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരുന്നു. ആ ട്രെയിനിലെ ഒരു കമ്പാർട്ട്മെന്റിലെ യാത്രക്കാരെല്ലാം വളരെ അസ്വസ്ഥമായി കാണപ്പെട്ടു. ട്രെയിനിലെ രൂക്ഷഗന്ധം അവരെ അത്രയേറെ വലച്ചിരുന്നു. സ്റ്റേഷനിലെത്തിയ യാത്രക്കാർ പോലീസിൽ വിവരമറിയിച്ചു. വലിയൊരു ഇരുമ്പ് പെട്ടി കമ്പാർട്മെന്റിലെ സീറ്റിനടിയിൽ ഇരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സൂക്ഷ്മ പരിശോധനയിൽ ദുർഗന്ധം ആ പെട്ടിയിൽ നിന്ന് തന്നെയാണെന്ന് ബോധ്യപ്പെട്ട പോലീസ് പെട്ടി തുറന്നു. പെട്ടിയിൽ തലയില്ലാത്ത ഒരു ശരീരം, ഒപ്പം ഇരു കൈകളും വലതു കാലും അറ്റു പോയിരിക്കുന്നു. കൂടുതൽ പരിശോധനക്കായി ആ മൃതദേഹം അവർ ഫോറൻസിക് ഡിപ്പാർട്മെന്റിലേക്ക് അയച്ചു.

Photo Credit :The Hindu
1952-സെപ്റ്റംബർ ഒന്ന് വൈകിട്ട് നാലുമണി, മാനാ മധുരയിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയുള്ള റോയപുരത്ത് കടലിൽ നിന്ന് ഒരാൾക്ക് പകുതി ദ്രവിച്ച നിലയിൽ ഒരു മനുഷ്യന്റെ തല ലഭിക്കുന്നു. ഫോറൻസിക് പരിശോധനയിൽ ട്രെയിനിൽനിന്ന് കിട്ടിയ ഉടലിന്റെ തലയാണിതെന്ന് ബോധ്യപ്പെടുന്നു. കാണാതായവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നു. അന്വേഷണത്തിൽ ചെന്നൈയിൽ നിന്ന് കാണാതായ പേന വ്യവസായി ആളവന്താറിന്റെ മൃതദേഹമാണെന്ന് പോലീസ് മനസിലാക്കുന്നു. ആളവന്താറിനെ ദേവകി എന്ന സ്ത്രീയുടെ വീട്ടിൽ അവസാനമായി കണ്ടിരുന്നുവെന്നു ജോലിക്കാരനായ പയ്യൻ മൊഴി നൽകുന്നു. ആ വഴിക്കായി പിന്നീട് പോലീസിന്റെ അന്വേഷണം.

Photo Credit: Shutterstock
ചെന്നൈയിൽ താമസിച്ചിരുന്ന ആളവന്താർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. ചെന്നൈയിലെ പാരിസ് കോർണറിൽ പേന കട കൂടാതെ അയാൾക്കൊരു സാരി വിൽപ്പന കേന്ദ്രം കൂടിയുണ്ടായിരുന്നു. നിരവധി സ്ത്രീകളുമായി അയാൾ അടുപ്പം പുലർത്തിയിരുന്നു. അവരിലൊരാൾ കേരളത്തിൽ നിന്നുള്ള ദേവകി എന്ന സ്ത്രീയായിരുന്നു. എന്നാൽ ആളവന്താർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് അറിഞ്ഞ ദേവകി ആ ബന്ധത്തിൽ നിന്ന് പിന്മാറി. കുറച്ചു കാലത്തിന് ശേഷം പ്രഭാകര മേനോൻ എന്നയാളുമായി ദേവകിയുടെ വിവാഹം നടക്കുന്നു. വിവാഹിതയായെങ്കിലും ആളവന്താർ ദേവകിയെ ശല്യം ചെയ്യുന്നത് തുടർന്നു. ശല്യം സഹിക്കാതായപ്പോൾ ഭർത്താവിനോദ് ദേവകി എല്ലാം തുറന്നു പറഞ്ഞു. തുടർന്ന് 1952- ഓഗസ്റ്റ് 28ന് ദേവകി ആളവന്താറിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. അവിടെ വെച്ച് പ്രഭാകരമേനോനും ആളവന്താറും തമ്മിൽ കലഹമുണ്ടാവുകയും ആളവന്താർ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് ആളെ തിരിച്ചറിയാതിരിക്കാൻ ആളവന്താറിന്റെ തല മുറിച്ച് കടൽത്തീരത്ത് കുഴിച്ചിടുകയും ഉടൽ പെട്ടിയിലാക്കി ട്രെയിനിൽ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് നാടുവിട്ട പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈയിലായിരുന്നു കേസിന്റെ വിചാരണ. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി പ്രഭാകറിന് ഏഴ് വർഷത്തെ കഠിന തടവിനും ദേവകിയെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ചു.