
Photo Credit: the quint
ഡൽഹിയിലെ രാത്രി നിശബ്ദതതെ കീറിമുറിച്ച് കൊണ്ട് കോൺസ്റ്റബിൾ അബ്ദുൽ നസീർകുഞ്ഞും ഹോം ഗാർഡ് ചന്ദ്രപാലും പട്രോളിങ്ങിനിറങ്ങി. അശോക റോഡിലൂടെ അവർ മുന്നോട്ട് നീങ്ങുമ്പോഴാണ് കുറച്ച് അകലെയായി ഹോട്ടലിൽ നിന്ന് അന്തരീക്ഷത്തെ വിഴുങ്ങുംവിധം തീയുയരുന്നത് കണ്ടത്. അവർ അങ്ങോട്ട് നീങ്ങി. ഗേറ്റിന് സമീപം യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ സുശീൽ ശർമ്മ നിൽക്കുന്നുണ്ടായിരുന്നു. പഴയ ബാനറുകളും പോസ്റ്ററുകളും കത്തിച്ചുകളയുകയാണെന്ന് അയാൾ പറഞ്ഞു. ശെരി എന്ന് പറഞ്ഞ് അവിടുന്ന് നടന്നുനീങ്ങിയെങ്കിലും എവിടെയോ സംശയത്തിന്റെ വിത്തുകൾ അബ്ദുൽ നസീർ കുഞ്ഞിൽ മുള പൊട്ടിയിരുന്നു. അയാൾ വേഗം തീ കെടുത്താനായി എത്താൻ അഗ്നി രക്ഷാസേനയേയും പോലീസ് ഫോഴ്സിനെയും വിവരമറിയിച്ചു. കെട്ടിടത്തിന്റെ മുൻവശം വഴി പോവുക അസാധ്യമാണ്. അയാൾ പതിയെ കെട്ടിടത്തിന്റെ പിറകുവശത്തേക്ക് വേഗത്തിൽ നടന്നു. ഏകദേശം ഒമ്പത് അടിയോളം പൊക്കമുള്ള കൂറ്റൻ മതിൽ തടസ്സം കണക്കെ മുന്നിൽ നിന്നു. അയാൾക്ക് ചിന്തിക്കാൻ സമയമുണ്ടായിരുന്നില്ല. ആയാസപ്പെട്ട് ആ മതിൽ അയാൾ ചാടിക്കടന്നു. തീയുയർന്ന ഭാഗത്തേക്ക് നടന്നു. തീയിൽ നിന്നുയർന്ന കനത്ത ഗന്ധം അയാളെ ആശയക്കുഴപ്പത്തിലാക്കി. അയാൾ ആറടി വീതിയും നീളവുമുള്ള തന്തൂർ അടുപ്പിലെ കനൽ ഇളക്കിനോക്കി. ഒരു സ്ത്രീയുടെ പാതി വെന്ത മാറിടം, ഒപ്പം കുടൽമാലയും. അപ്പോഴേക്കും ബാക്കി പോലീസ് സംഘവും അവിടേക്ക് എത്തി. സ്വന്തം ഭാര്യയെ വെട്ടി നുറുക്കി കൊന്ന് തന്തൂർ അടുപ്പിൽ കത്തിക്കാൻ ശ്രമിച്ച സുശീൽ കുമാർ അങ്ങനെ അറസ്റ്റിലായി.

Photo Credit: Advocate Tanwar
1995 ജൂലൈ രണ്ട് രാത്രി ശർമ മന്ദിർ മാർഗിലെ അവരുടെ വീട്ടിലെത്തുമ്പോൾ ഭാര്യ നൈന സാഹ്നി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭർത്താവിനെ കണ്ടയുടൻ നൈന ഫോൺ താഴെവച്ചു. ഭാര്യയുടെ വഴിവിട്ട ബന്ധത്തിൽ നേരത്തെ തന്നെ സംശയമുണ്ടായിരുന്ന ശർമ വീണ്ടും അതേ നമ്പറിൽ വിളിച്ചപ്പോൾ മറുവശത്ത്, തനിക്ക് പരിചിതനായ മത്‌ലുബ് കരിം എന്നയാളുടെ ശബ്‌ദം. വാക്കേറ്റത്തിനൊടുവിൽ ക്ഷുഭിതനായ ശർമ, കൈത്തോക്കുകൊണ്ടുനൈനയെ മൂന്നുപ്രാവശ്യം വെടിവച്ചു. വെടിയേറ്റ നൈനയുടെ ജീവനറ്റു. മൃതദേഹം ശർമ കാറിലാക്കി തന്റെ റസ്‌റ്റോറന്റിൽ കൊണ്ടുചെന്ന് മാനേജർ കേശവ് കുമാറിന്റെ സഹായത്തോടെ തന്തൂരി അടുപ്പിൽ കത്തിച്ചുവെന്നും പൊലീസ് പറയുന്നു. ഡൽഹി യൂത്ത് കോൺഗ്രസ് വനിതാ വിഭാഗം ജനറൽ സെക്രട്ടറിയായിരുന്നു നൈന സാഹ്നി.

Photo Credit.: Rediff.com
അന്വേഷണ ഘട്ടത്തിൽ മലയാളിയായ നസീറിന് നിരവധി ഭീക്ഷണികളുണ്ടായി. കേസിൽ മൊഴി മാറ്റിപ്പറയാൻ 25 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തെങ്കിലും നസീർ ഉറച്ചുനിന്നു.
മൃതദേഹം കത്തിക്കാൻ കൊണ്ടുവന്ന ഹോട്ടലിനു മുന്നിൽ പച്ചക്കറി വിറ്റിരുന്ന അനാരി ദേവി ഭീഷണികളെ അതിജീവിച്ച് നൽകിയ മൊഴിയും കേസിൽ നിർണായകമായിരുന്നു.
വിചാരണ കോടതിയും ഡൽഹി ഹൈക്കോടതിയും സുശീൽ ശർമ്മക്ക് വധശിക്ഷ വിധിച്ചു. 2013-ഒക്ടോബറിൽ സുപ്രീം കോടതി ശർമ്മയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2018 ഡിസംബർ 21ന് ഡൽഹി ഹൈക്കോടതി സുശീൽ ശർമ്മയെ ഉടൻ വിട്ടയക്കാൻ ഉത്തരവിട്ടു. 2018 ഡിസംബറിൽ അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങി.