
Photo Credit: Amazon
പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കൾ കൊണ്ട് ആ മുറിയാകെ അലങ്കരിക്കപ്പെട്ടു. പ്രണയാതുരമായ അന്തരീക്ഷത്തിൽ സുഗന്ധം പരത്തിയ മെഴുകുതിരികൾ ശോഭ കെടുത്തിക്കൊണ്ട് പകുതിയും എരിഞ്ഞു തീർന്നിരുന്നു. കൊലപാതകം നടന്നതവിടെയാണ്. ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. കൊലപാതകം നടത്തുന്നതിന് മുമ്പ് കൊലയാളി തന്റെ ഇരയുടെ വീഡിയോ പൊലീസിന് അയക്കുന്നു. വളരെ നിസ്സാരമായി, ആവേശത്തോടെ അയാൾ പോലീസ് സേനയെയാകെ വെല്ലുവിളിച്ചു. കൃത്യമായ തെളിവുകളുടെ അഭാവം പൊലീസിനെ കുഴപ്പത്തിലാക്കുന്നു. ഒരു സീരിയൽ കില്ലർ എന്ന രീതിയിലേക്ക് അയാൾ വളരാൻ തുടങ്ങുന്നു. തന്നെ കീഴ്പ്പെടുത്തിയ ഉന്മാദാവസ്ഥയിൽ അയാൾ കൂടുതൽ ക്രൂരനാവുന്നു. കൊലകളുടെ എണ്ണം കൂടുന്നു.

Photo Credit: Etsy
ക്രൈം സീരിസിലെ വിജയകരമായ കോഫി ഹൗസിനു ശേഷം ലാജോ ജോസ് എഴുതിയ ക്രൈം നോവലാണ് ഹൈഡ്രേഞ്ചിയ. വളരെ ക്ലിയർ കട്ടായ കൊലപാതകം. ശക്തനും ബുദ്ധിമാനും അതി ക്രൂരനുമായ ഒരു കൊലപാതകി ഒരു ഭാഗത്ത്. തൊഴിലിടങ്ങളിലെ തൊഴുത്തിൽക്കുത്തും മാനസിക വ്യഥകളും പേറി എസ്തറും അലി ഇമ്രാനും ഷാരണുമടങ്ങുന്ന കഠിനാധ്വാനികളായ അന്വേഷക സംഘം മറുഭാഗത്ത്. ഓരോരുത്തരുടെയും അന്വേഷണമികവിൽ കഥ മുന്നോട്ടുപോവുന്നെങ്കിലും കൊലയാളിയുടെ അതിശക്തിയാണ് പലയിടത്തും കാണാനാവുക. അയാൾ വിരാജിക്കുമ്പോഴും തെളിവുകളില്ലാതെ നട്ടംതിരിയേണ്ടി വരുന്ന സ്ഥിതി. കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പ് വീണ്ടും ബാക്കിയെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് പലയിടത്തും കഥയുടെ സഞ്ചാരം. അന്വേഷണങ്ങൾക്കൊടുവിൽ കഥ ചെന്നെത്തുന്നത് എവിടെയാണ്? അന്വേഷക സംഘം ഒരുക്കുന്ന കുരുക്കുകളിൽ അയാൾ കുടുങ്ങുമോ? അതോ കാലപാശം അവരെ തന്നെ തിരിഞ്ഞു കൊത്തുമോ? ഉദ്വേഗത്തോടൊപ്പം ഭീതിയും ആവേശവും സസ്പെൻസും നിലനിർത്തിയാണ് ഹൈഡ്രേഞ്ചിയ മുന്നോട്ട് സഞ്ചരിക്കുന്നത്. പ്രണയം പടർത്തുന്ന പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കൾ ചോര ചാലിച്ച മരണഗന്ധം പടർത്തുമ്പോൾ കഥയും കഥാഗതിയും മാറിമറിയുന്നതിനാണ് വായനക്കാരൻ സാക്ഷിയാവുക.