“‘എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു അന്ന് ഇളംനീല വരകളുള്ള വെളുത്ത കടലാസിൽ നിന്റെ ചിന്തകൾ പോറി വരച്ച് എനിക്ക് നീ ജന്മദിന സമ്മാനം തന്നു തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ എന്നെ ഉരുക്കാൻ പോന്നവ അന്ന് തെളിച്ചമുള്ള പകലും നിലാവുള്ള രാത്രിയുമായിരുന്നു ഇന്ന് സൂര്യൻ കെട്ടുപോവുകയും നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നു കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും അനിയന്റെ ആശംസകൾക്കും അമ്മ വിളമ്പിയ പാൽപ്പായസത്തിനുമിടക്ക് ഞാൻ തിരഞ്ഞത് നിന്റെ തൂലികക്ക് വേണ്ടിയായിരുന്നു നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന് ഞാനാ തൂലിക കണ്ടെടുത്തപ്പോൾ അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു”
മഞ്ഞുപൊതിഞ്ഞ വയനാടൻ മലനിരകളെ തഴുകിയുണർത്തിയ കാറ്റിനുപോലും പറയാനുണ്ടായിരുന്നു മാന്ത്രികച്ചെപ്പിലൊളിപ്പിച്ച മധുരനൊമ്പര ഗാഥ. മരണംകൊണ്ട് മുറിവേറ്റവരുടെ വാക്കാണ് ആത്മഹത്യ എന്ന് ന്യായീകരിക്കപ്പെടുമ്പോഴും മുറിവിന്റെ ആഴം അളക്കാനാവാതെ പിടഞ്ഞുതീർന്നവരുണ്ട്. തന്റെ തൂലികത്തുമ്പിൽനിന്ന് അടർന്നുവീണ വാക്കുകളെ മധുരംനിറച്ച് ഒളിപ്പിച്ചുവയ്ക്കാനായിരുന്നു നന്ദിതക്ക് കൗതുകം. അവൾ എഴുതിയ 51 കവിതകളടങ്ങിയ ഡയറിക്കുറിപ്പ് തലയിണയ്ക്കടിയിൽനിന്ന് കണ്ടെടുക്കപ്പെടുമ്പോൾ നന്ദിത എന്നന്നേക്കുമായി നക്ഷത്രങ്ങൾക്കിടയിൽ കൂടുകൂട്ടിയിരുന്നു. ജീവിതം വരികളായി തുടിച്ച കവിതകൾക്ക് ജീവൻ വച്ചുതുടങ്ങുമ്പോഴേക്കും അവസാനിച്ച കാവ്യജീവിതം.
1991ൽ വയനാട്ടിലെ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു നന്ദിത ആത്മഹത്യ ചെയ്തത്. 1985മുതല്‍ 1993വരെ അവര്‍ എഴുതിയ കവിതകള്‍ നന്ദിതയുടെ കവിതകള്‍ എന്ന പേരില്‍ അവരുടെ മരണശേഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായനക്കാർ ആവേശത്തോടെ വായിച്ചുതീർത്തപ്പോൾ നിരവധി പുതു പതിപ്പുകളും ഇറങ്ങി. ബ്ലാക്ക് ആൻഡ് വൈറ്റ് കവർ ചിത്രം മോടികൂട്ടി കളർചിത്രമായും പരിണമിച്ചു.
മെയ് 11 നന്ദിതയുടെ 55ാം ജൻമദിനമാണ്. നീണ്ട 25 വർഷങ്ങൾക്കിപ്പുറവും ആളുകൾ നന്ദിതയുടെ കവിതകളെ തേടിയെത്തുന്നു, അവ വീണ്ടും വീണ്ടും വായിക്കപ്പെടുന്നു. സോഷ്യൽമീഡിയകളിലും ക്യാമ്പസ് ചുവരുകളിലും ഒരു നനുത്ത ഓർമയായി അവരുടെ വരികൾ പടർന്നുപിടിക്കുന്നു. അജ്ഞാതമായ കാരണങ്ങൾ പിന്നിൽ അവശേഷിപ്പിച്ച് വാക്കിന്റെ മാന്ത്രികലോകം പകർന്നുനൽകി നിഗൂഢമായ നോവിന്റെ നേർത്ത പാളികളിലൂടെ അവസാന യാത്ര പോയൊരാൾ.
സ്വന്തം മുഖം ഓവനിലേക്ക് തിരുകിവച്ച് ശിരസ്സ് വെന്ത് മരിച്ച അമേരിക്കന്‍ കവയത്രി സില്‍വിയോപ്ലാത്തിന്റെ മരണവാസനയുള്ള കവിതകളെയും ആത്മഹത്യാരീതിയെയും നന്ദിത ഭ്രാന്തമായി ആരാധിച്ചിരുന്നു. നിഗൂഢവും ആഴമേറിയതുമായിരുന്നു അവരുടെ കവിതകൾ. പ്രണയവും വിരഹവും മരണവും കവിതകളിൽ ഒരുപോലെ പ്രവഹിച്ചു. പല വരികളിലും വിഷാദച്ഛായ കലർന്നിരുന്നു. അവരുടെ കവിതകൾ ഒരിക്കലെങ്കിലും വായിച്ചവർ അകാലത്തിൽ കൊഴിഞ്ഞ ആ പെൺകുട്ടിയെ ഓർത്ത് നൊമ്പരപ്പെടാതിരുന്നിട്ടില്ല. ഒരു വിങ്ങലോടെ മാത്രം ഓർക്കാനാവും വിധം കവിത നിറച്ച പാനപാത്രം പകർന്നുനൽകിയുള്ള വിടവാങ്ങൽ…
കവിയേ മരിച്ചിട്ടുള്ളൂ… കവിത ഇവിടെ ബാക്കിയാവുന്നു.