
Photo Credit: Nasheman
ആഡംബരമായ ഒരു ജീവിതമാണ് കെമ്പമ്മ സ്വപ്നം കണ്ടത്. വിവാഹ പ്രായമായപ്പോൾ വീട്ടുകാർ അവളെ ഒരു തയ്യൽകാരന് വിവാഹം ചെയ്ത് കൊടുക്കുന്നു. പണ സമ്പാദനം ലക്ഷ്യമാക്കി കെമ്പമ്മ ഒരു ചിട്ടി തുടങ്ങിയെങ്കിലും അത് വിജയിച്ചില്ലെന്നു മാത്രമല്ല, വലിയൊരു കടബാധ്യതയിലേക്ക് അവർ വീഴുകയും ചെയ്തു. തുടർന്ന് ഭർത്താവ് അവരെ ഉപേക്ഷിച്ചു. നിത്യവൃത്തിക്കായി കെമ്പമ്മ വീട്ടു ജോലി ഉൾപ്പെടെ പല ജോലികളും ചെയ്തു. എന്നാൽ പണത്തോടുള്ള അഭിനിവേശം അവരെ വിട്ടു പോയില്ല. പെട്ടെന്ന് പണക്കാരിയാകാനുള്ള മാർഗം മോഷണമാണെന്ന ചിന്ത അവരിൽ ഉടലെടുത്തു. ജോലിക്ക് നിന്ന വീടുകളിൽ നിന്ന് അവർ ചെറിയ രീതിയിൽ മോഷ്ടിച്ചു തുടങ്ങി. ഒരിക്കൽ മോഷണക്കേസിൽ അവർ പിടിയിലാവുകയും അവർ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. ജയിൽ ജീവിതം അവരിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കിയില്ല എന്ന് വേണം കരുതാൻ. മോഷണത്തിന്റെ പുതിയ വഴികൾ തേടി അവരിറങ്ങി.

Photo Credit: AllBiz
ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് മോഷണം നടത്താൻ കെമ്പമ്മ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിരക്കുള്ള ക്ഷേത്രങ്ങളിൽ പോയി അവിടെ വരുന്ന സ്ത്രീകളെ അവർ നിരീക്ഷിക്കാൻ തുടങ്ങി. ദുഃഖിതരായ സ്ത്രീകളെ കണ്ടെത്തി അവർക്കു മുന്നിൽ ഒരു രെക്ഷകയായി അവർ വേഷം കെട്ടും. അവരോട് സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കുന്ന കെബ്ബമ്മ പരിഹാരം നിർദേശിക്കും. അകലെയുള്ള ഒരു ക്ഷേത്രത്തിൽ ഒരു പൂജ ചെയ്‌താൽ പ്രശ്നങ്ങൾ എല്ലാം മാറുമെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ച് അവർ നിസ്സഹായരായ സ്ത്രീകളെ വലയിൽ വീഴ്ത്തും. പൂജയ്ക്ക് വരുമ്പോൾ സർവ ആഭരണങ്ങളും പുതിയ വസ്ത്രവും ധരിച്ചുവേണം എന്നൊരു നിർദേശവും സ്ത്രീകൾക്ക് കൊടുക്കാൻ കെമ്പമ്മ മറന്നില്ല. കുട്ടികളുണ്ടാവാത്തത്തിന്റെ പേരിലും, അസുഖം മാറാനും, നഷ്ടപ്പെട്ട കുഞ്ഞിനെ തിരിച്ചുകിട്ടാനും തുടങ്ങി പല ആവശ്യങ്ങൾക്കുമാണ് സ്ത്രീകൾ കെബമ്മയെ സമീപിച്ചത്. പൂജക്ക് എത്തുന്ന സ്ത്രീയോട് കണ്ണടച്ച് പ്രാർത്ഥിക്കാൻ നിർദേശം നൽകിയ ശേഷം കെമ്പമ്മ പൂജ തുടങ്ങും. തുടർന്ന് തീർഥ ജലമെന്നു പറഞ്ഞ് സയനൈഡ് കലർന്ന വെള്ളം അവർക്കു നൽകും. ഇത് കുടിക്കുന്ന സ്ത്രീ നിമിഷങ്ങൾക്കകം മരിച്ചു വീഴും. തുടർന്ന് കെമ്പമ്മ ആ സ്ത്രീയുടെ ആഭരണണങ്ങളുമായി കടന്നു കളയും. ഈ രീതി അവർ തുടർന്നു പോന്നു. 1991-ലാണ് കെമ്പമ്മ മോഷണത്തിനു വേണ്ടി ക്രൂര കൊലപാതകങ്ങൾ ചെയ്തു തുടങ്ങിയത്. വളരെ കുറഞ്ഞ കാലയളവിൽ തന്നെ ആറോളം സ്ത്രീകളെ സമാന രീതിയിൽ കെമ്പമ്മ കൊലപ്പെടുത്തി കവർച്ച നടത്തി. ഓരോ സ്ത്രീയുടെ മുമ്പിലും അവർക്ക് ഓരോ പേരായിരുന്നു. ഏറ്റവും അവസാനം കൊല്ലപ്പെട്ട സ്ത്രീയോട് പറഞ്ഞ പേരായിരുന്നു മല്ലിക. അങ്ങനെയാണ് കെമ്പമ്മക്ക് മല്ലിക എന്ന പേര് ചാർത്തിക്കിട്ടുന്നതും പിന്നീടവർ സയനൈഡ് മല്ലിക എന്ന പേരിൽ കുപ്രസിദ്ധി നേടുന്നതും.

Photo Credit: India Today
1999-ൽ ആദ്യ സ്ത്രീ കൊല്ലപ്പെട്ടത് മുതൽ പോലീസ് അന്വേഷണം നടന്നെങ്കിലും മല്ലികയിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞില്ല. എന്നാൽ ഒരിക്കൽ വമ്പിച്ച മോഷണമുതൽ വിൽക്കാനായി ഒരു ജ്വല്ലറിയിലെത്തുന്ന മല്ലിക കുരുക്കിൽപ്പെട്ടു. അളവിൽ അധികം ആഭരണങ്ങൾ കണ്ട വ്യാപാരിക്ക് സംശയം തോന്നി. വിവരം പോലീസിൽ അറിയിച്ചെങ്കിലും അവർ എത്തും മുമ്പേ മല്ലിക കടന്നു കളഞ്ഞു. തുടർന്ന് ബസ് സ്റ്റാൻഡിൽ വെച്ച് അവർ പിടിക്കപ്പെട്ടു.
കേസ് വിചാരണക്കിടെ തനിക്ക് സ്വർണ്ണ കടയിൽ നിന്നാണ് സയനൈഡ് ലഭിച്ചിരുന്നതെന്നും സിനിമകളിൽ കണ്ടാണ് സയനൈഡ് ഉപയോഗിക്കുന്ന വിധം മനസിലാക്കിയതെന്നും അവർ മൊഴി നൽകി. വിധി ന്യായങ്ങൾക്ക് ഒടുവിൽ കോടതി അവർക്ക് വധശിക്ഷക്ക് വിധിച്ചു. അങ്ങനെ കർണ്ണാടകയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ആദ്യ വനിതയായും ഇന്ത്യയിലെ ആദ്യ വനിതാ സീരിയൽ കില്ലർ എന്ന കുപ്രസിദ്ധിയും അവർ കൈയടക്കി.