Photo Credit: Amazon
അൻവർ അബ്ദുള്ളയുടെ കുറ്റാന്വേഷണ നോവലാണ് പ്രൈം വിറ്റ്നസ്. പത്ത് സുഹൃത്തുക്കൾ, പത്ത് പ്രകൃതക്കാർ. അവർ അവധി ആഘോഷിക്കാനായെത്തിയതാണ്. നാട്ടിലേക്ക് തിരിച്ചുപോവുന്നതിന്റെ തലേദിവസം കോവളം കടപ്പുറത്തേക്ക് അവർ പോവുന്നു. ഓഫ് സീസണായതിനാൽ തീരം വിജനം. രാത്രിയുടെ നിശ്ശബ്ദത ഏറ്റുവാങ്ങിക്കൊണ്ട് കടലും ശാന്തമായി തിരയടിക്കുന്നു. മണിക്കൂറുകളോളം അവരാ കടപ്പുറത്ത് ആർത്തുല്ലസിക്കുന്നു. തിരയും തീരവും ഒന്നാവുംവിധം മദ്യപിച്ചും ആഘോഷിച്ചും സമയം മുന്നോട്ടായുന്നു. ദീർഘ നേരത്തിനൊടുവിൽ അവർ തിരിച്ച് റിസോർട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. എന്നാൽ വഴിമധ്യേ അവരുടെ വാഹനം അപകടത്തിൽപ്പെടുന്നു. മണലിൽ പുതഞ്ഞ വാഹനം മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെ അവർ ഉയർത്തിയെടുക്കുന്നു. മദ്യപിച്ച് അബോധാവസ്ഥയിലായ സുഹൃത്തുക്കളിലൊരാളായ അജിത്തിനെ അവർ വാഹനത്തിലുള്ളിലാക്കുന്നു. എന്നാൽ ബോധം വരുമ്പോൾ അജിത്ത് പുറത്തിറങ്ങിപ്പോകുന്നു.
Photo Credit: Freepik
റിസോർട്ടിൽ തിരിച്ചെത്തുമ്പോഴാണ് അജിത്തിനെ കാണാതായ വിവരം സുഹൃത്തുക്കൾ അറിയുന്നത്. അവർ ബീച്ചിലേക്ക് തിരികെ പോവുന്നു. അവിടെ അവരെ കാത്തിരിക്കുന്നത് അജിത്തിന്റെ ചേതനയറ്റ ശരീരമാണ്. രാത്രിയുടെ മറവിൽ കടലിനെ സാക്ഷിയാക്കി ഒരു കൊലപാതകം. അന്വേഷണത്തിനായി മിടുക്കനായ ഡിറ്റക്ടീവ് ശിവശങ്കർ പെരുമാൾ എത്തുന്നിടത്ത് കഥയുടെ ഭാവയും താളവും മാറുന്നു. കഥ വീണ്ടും ഉദ്വേഗം നിറഞ്ഞ വഴികളിലേക്ക്. ഓരോരുത്തരെയും ഇഴകീറി പരിശോധിച്ച് മുന്നോട്ടുപോവുന്ന കഥയിൽ കഴിഞ്ഞകാല ജീവിതത്തിന്റെ മുറിപ്പാടുകളും അതിനോട് പടവെട്ടാൻ ശ്രമിക്കുന്ന ജീവിതങ്ങളുടെ കഥയും ഭാഗമാകുന്നു. ആത്മാഭിമാനത്തിന്റെ ആരോഹണ അവരോഹണങ്ങൾ ഒരാളുടെ ജീവിതം മാറ്റിമറിക്കുന്നതിനും പ്രൈം വിറ്റ്നസ് സാക്ഷിയാകുന്നു. അൻവർ അബ്ദുള്ളയുടെ ശക്തമായ കുറ്റാന്വേഷണ കഥാപാത്രം ശിവശങ്കർ പെരുമാൾ തന്നെയാണ് നോവലിന്റെ ഹൈലൈറ്റ്. വളരെ വിദഗ്ധമായ നീക്കങ്ങളിലൂടെ ചടുലമായി കേസ് തെളിയിക്കുന്ന രീതി ഈ നോവലിലും ആവർത്തിക്കപ്പെടുന്നു.