വിരൽത്തുമ്പിലെ മാന്ത്രികത

Spread the love

Photo Credit : Thoughtco

ഒരു വിരൽത്തുമ്പിന്റെ സ്പർശനം കൊണ്ട് തെളിയിക്കപ്പെട്ട കേസുകൾ നിരവധിയാണ്. കുറ്റവാളി അവശേഷിപ്പിക്കുന്ന ഏറ്റവും വലിയ പിഴവായ ഫിങ്കർപ്രിന്റ് എന്ന വിരലടയാളം ഒരു ക്രൈം തെളിയിക്കപ്പെടുന്നതിൽ നിർണ്ണായകമാവാറുണ്ട്. ജനനം മുതൽ മരണം വരെ യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുന്നവയാണ് വിരലടയാളങ്ങൾ എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. മാതാവിന്റെ ഉദരത്തിലുള്ള ശിശുവിന് മൂന്നുമാസം പ്രായമെത്തുന്നതോടെ വിരലുകൾ രൂപം കൊള്ളും. അവയിൽ അടയാളങ്ങളുണ്ടാവുകയും ചെയ്യുന്നു. പിന്നെ മരണം വരെയും അതിനു യാതൊരു മാറ്റവും ഉണ്ടാവുകയില്ല. മരിച്ചു കഴിഞ്ഞും തൊലി നശിക്കും വരെ അടയാളം മായില്ല. ശസ്ത്രക്രിയയിലൂടെ വിരലടയാളം മായിച്ചുകളയാൻ പറ്റില്ല. ഒരു രോഗത്തിനും പോലും വിരലടയാളം നശിപ്പിക്കാൻ കഴിയില്ല. അവയ്ക്കു എത്ര തേയ്മാനം വന്നാലും ശരീരം അതു നേരേയാക്കിക്കൊണ്ടേയിരിക്കും. വിരലടയാളം ഓരോ മനുഷ്യർക്കും ഓരോന്നായിരിക്കും, ഇരട്ടകൾ പോലും ഇതിൽ നിന്ന് വിഭിന്നരല്ല. അതുകൊണ്ട് തിരിച്ചറിയൽ ഉപാധിയായും അതുവഴി കുറ്റകൃത്യങ്ങൾ തെളിയിക്കാനുമെല്ലാം വിരലടയാളങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.  

Photo Credit: Earth.com

ഹൂഗ്ലിയിലെ മുഖ്യന്യായാധിപനായിരുന്ന സർ വില്യം ഹേർഷലാണ് വിരലടയാളം ആദ്യമായി (1858) തെളിവിനായി ഉപയോഗിച്ചത്. പിന്നീട് സർ ഫ്രാൻസിസ് ഗാൾട്ടൻ (1888) വിരലടയാളം ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിൽ വിജയിച്ചു. 1901 മുതൽ സർ എഡ്വേർഡ് ഹെൻറി വികസിപ്പിച്ച രീതി ഉപയോഗിച്ച് സ്കോട്ട്ലാന്റ് യാഡ് കുറ്റവാളികളെ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം വിരലടയാളങ്ങളിലെ പാറ്റേണുകളെ പലതായി തരം തിരിച്ചിരുന്നു. അതിൽ ചെറിയമാറ്റങ്ങൾ വരുത്തിയാണ് ലോകമെമ്പാടുമുള്ള പോലീസ് ഇത് ഉപയോഗിക്കുന്നത്. 

വിരലടയാളം നോക്കി ഒരാളുടെ പ്രായം അറിയാൻ പറ്റും. ഗവേഷകനായ ഫാരറ്റാണ് ഇതിനായുള്ള സമവാക്യം രൂപപ്പെടുത്തിയത്. വിരലടയാളം ആണിന്റെയാണോ, പെണ്ണിന്റെയാണോ എന്നു തിരിച്ചറിയാൻ കഴിയില്ല. ഇതിനേക്കുറിച്ച് ഗവേഷണങ്ങൾ നടന്നുവരുന്നുണ്ട്. ലോകമെമ്പാടുമുള്ള പോലീസ് ഏജൻസികളിൽ ക്രിമിനൽ ചരിത്ര സ്ഥിരീകരണത്തിന്റെ ആണിക്കല്ലാണ് വിരലടയാളം. 1915-ൽ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ഐഡന്റിഫിക്കേഷൻ (IAI) എന്ന ആദ്യത്തെ ഫോറൻസിക് സയൻസ് പ്രൊഫഷണൽ ഓർഗനൈസേഷൻ സ്ഥാപിക്കുന്നതിലെ പ്രധാന ഘടകം ഫിംഗർപ്രിന്റുകളാണ്. 

Photo Credit: The Independent

വിരലടയാളങ്ങൾ ഡിഎൻഎയേക്കാൾ കൂടുതൽ കുറ്റകൃത്യങ്ങൾ പരിഹരിക്കാറുണ്ട്. വിരലടയാളം ഡിഎൻഎയേക്കാൾ കൃത്യമായ തെളിവായതുകൊണ്ടല്ല  ഇതിന് സാധിക്കുന്നത്, മറിച്ച് സർക്കാർ ഡാറ്റാബേസുകളിൽ സൂക്ഷിച്ചിരിക്കുന്ന വിരലടയാള രേഖകളുടെ ബൃഹത്തായ ശേഖരം കൊണ്ടാണ്. ഫോറൻസിക് സയൻസ് ലബോറട്ടറികളിൽ സാധാരണയായി പ്രയോഗിക്കുന്ന ഡിഎൻഎ വിശകലനത്തിന് സമാന ഇരട്ടകളെ വേർതിരിച്ചറിയാൻ കഴിയില്ല, എന്നാൽ വിരലടയാളങ്ങൾക്ക് എല്ലായ്പ്പോഴും സമാന ഇരട്ടകളെ വരെ വേർതിരിച്ചറിയാൻ കഴിയും. പേപ്പറുകൾ, സിഗരറ്റ്, പഴം, അലുമിനിയം ക്യാനുകൾ, പ്ലാസ്റ്റിക് മാലിന്യ ബാഗുകൾ , ബെഡ് ഷീറ്റുകൾ, പാറക്കഷണങ്ങൾ, മൃതദേഹങ്ങൾ എന്നിവയിൽ കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നുള്ള വിരലടയാളങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കടലാസ്, കാർഡ്ബോർഡ്, തടികഷ്ണം എന്നിവയിലെ വിരലടയാളങ്ങൾ വെള്ളവുമായി സമ്പർക്കം പുലർത്തുന്നില്ലെങ്കിൽ നാൽപ്പത് വർഷം വരെ നിലനിൽക്കും. പ്ലാസ്റ്റിക്, ലോഹം, ഗ്ലാസ് തുടങ്ങിയ സുഷിരങ്ങളില്ലാത്ത പ്രതലങ്ങളിൽ വെള്ളവുമായി സമ്പർക്കമില്ലാതെ അവ സൂക്ഷിച്ചാൽ വർഷങ്ങളോളം നിലനിൽക്കും. കാരണം വിരലടയാളം ഒരു ശാസ്ത്രീയ രേഖയാണ്. 100 വർഷത്തിലേറെയായി വ്യക്തികളെ വിശ്വസനീയമായി തിരിച്ചറിയുന്നതിനുള്ള ഒരു മാർഗമായി വിരലടയാളങ്ങൾ ശേഖരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. നിരവധി വർഷങ്ങളായി ലോകമെമ്പാടുമുള്ള കോടതികളിൽ വിരലടയാള തിരിച്ചറിയലിന്റെ സാധുത ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

Translate »