
Photo Credit: Star of Mysore
കർണാടക തലസ്ഥാനത്തുനിന്ന് 200 കിലോമീറ്റർ അകലെയുള്ള ചിത്രംഗുർഗ്ഗ സ്വദേശിയുടെ ജീവനറ്റ ശരീരം ജൂൺ ഒമ്പതിന് രാവിലെ ബംഗളൂരുവിലെ അഴുക്കുചാലിൽ കാണപ്പെടുന്നു. തെരുവുനായ്ക്കൾ വലിച്ചുകീറുന്ന ശരീരം കണ്ട് പ്രദേശവാസികളാണ് പോലീസിൽ വിവരമറിയിക്കുന്നത്. സൂക്ഷ്മ പരിശോധനകൾക്കൊടുവിൽ കുറച്ചുനാൾ മുമ്പ് കാണാതായ രേണുകസ്വാമി എന്നയാളുടെ മൃതദേഹമാണെന്ന് മനസിലാക്കുന്നു. ഒരു ഫാർമസി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന രേണുകസ്വാമി ബംഗളൂരുവിൽ എന്തിനെത്തി എന്നതിനെ കുറിച്ചായി പോലീസിന്റെ അന്വേഷണം.
ചിത്രദുർഗ പോലീസ്, ബംഗളൂരു പോലീസിന്റെ സഹായത്തോടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ഗിരിനഗർ സ്വദേശികളായ മൂന്നുപേർ പോലീസിൽ കീഴടങ്ങി. സാമ്പത്തിക തർക്കത്തെ തുടർന്നാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്ന് ഇവർ മൊഴി നൽകി. എന്നാൽ തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ നിന്നാണ് സംഭവത്തിൽ കന്നഡ സൂപ്പർ താരം ദർശൻ തൗഗുദീപയുടെ പങ്കാളിത്തം പുറത്തുവരുന്നത്. രേണുകസ്വാമിയെ ദർശന്റെ ഫാംഹൗസിൽ വെച്ചാണ് മർദിച്ചു കൊന്നതെന്ന് പ്രതികൾ നൽകിയ മൊഴി കേസിൽ നിർണായകമായി. തുടർന്ന് മൈസൂരിൽ നിന്ന് ദർശനെ പോലീസ് അറസ്റ്റ് ചെയ്തു.

Photo Credit: Facebook
രണ്ട് മാസങ്ങൾക്ക് മുമ്പ് നടിയും ദർശന്റെ സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് രേണുകസ്വാമി സോഷ്യൽ മീഡിയ വഴി അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലാണ് പോലീസ്. രേണുകസ്വാമിയെ ദർശന്റെ ഫാംഹൗസിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. മരണപ്പെട്ടുവെന്ന് വ്യക്തമായതോടെ മൃതദേഹം കാമാക്ഷിപാളയിലെ അഴുക്കുചാലിൽ ഒഴുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ദർശൻ നേരിട്ട് കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ, അതോ തിരക്കഥയുടെ ഭാഗമാണോ എന്നും പോലീസ് അന്വേഷിക്കുന്നു. സംഭവത്തെ തുടർന്ന് ദർശന്റെ ബംഗളൂരുവിലെ വീടിന് ആർ ആർ നഗറിലെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി.
2002-ൾ മജസ്റ്റിക് എന്ന ചിത്രത്തിലൂടെയായിരുന്നു ദർശന്റെ അരങ്ങേറ്റം. അനന്തരം (2007), കാന്തിവീര സങ്കോലി രയാന (2012), കട്ടാര (2023) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി. ആരാധകർക്കിടയിൽ അയാൾ “ചലഞ്ചിങ്ങ് സ്റ്റാർ” എന്ന പേര് സമ്പാദിച്ചു. നായകനായും നിർമാതാവായും ദർശൻ തിളങ്ങി. 2013-ൽ മികച്ച നടനുള്ള കർണാടക സർക്കാരിന്റെ അവാർഡും ദർശനെ തേടിയെത്തി.

Photo Credit: Pinterest
സിനിമയിലെ ആദർശവാദിയായ നായകൻ, പക്ഷേ ജീവിതത്തിൽ എന്നും അയാൾ വിവാദങ്ങളുടെ തോഴനായിരുന്നു. 2011-ൽ ഭാര്യ വിജയലക്ഷ്മി നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് അറസ്റ്റിലായ താരം 14 ദിവസം പരപ്പന അഗ്രഹാരയിൽ കസ്റ്റഡിയിലായിരുന്നു. 2021-ൽ മൈസൂരുവിലെ ഒരു ഹോട്ടലിൽ വെയിറ്ററെ മർദിച്ചുവെന്ന പേരിൽ ദർശൻ വീണ്ടും അറസ്റ്റിലായി. 2022-ൽ ദർശൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കന്നഡ സിനിമാ നിർമാതാവ് ഭരത് പോലീസിൽ പരാതി നൽകിയിരുന്നു. 2023-ൽ ദർശന്റെ ഫാംഹൗസിൽ വനം വകുപ്പിന്റെ റെയ്ഡും നടന്നിരുന്നു. ആരാധകരെ തല്ലിയ വീഡിയോകളും പലപ്പോഴായി പുറത്തുവന്നു.
നിലവിലെ സംഭവവികാസങ്ങൾ ദർശന് കുരുക്ക് മുറുക്കിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.